Matthew 14:3-35 in Malayalam

Matthew 14:3
ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു

Matthew 14:4
യോഹന്നാൻ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.

Matthew 14:5
അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.

Matthew 14:6
എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.

Matthew 14:7
അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.

Matthew 14:8
അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.

Matthew 14:9
രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;

Matthew 14:10
ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.

Matthew 14:11
അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.

Matthew 14:12
അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.

Matthew 14:13
അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.

Matthew 14:14
അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.

Matthew 14:15
വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

Matthew 14:16
യേശു അവരോടു: “അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ ” എന്നു പറഞ്ഞു.

Matthew 14:17
അവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.

Matthew 14:18
“അതു ഇങ്ങുകൊണ്ടുവരുവിൻ ” എന്നു അവൻ പറഞ്ഞു.

Matthew 14:19
പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.

Matthew 14:20
എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

Matthew 14:21
തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.

Matthew 14:22
ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാൻ അവരെ നിർബന്ധിച്ചു.

Matthew 14:23
അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.

Matthew 14:24
പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.

Matthew 14:25
രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.

Matthew 14:26
അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.

Matthew 14:27
ഉടനെ യേശു അവരോടു: “ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.

Matthew 14:28
അതിന്നു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.

Matthew 14:29
“വരിക” എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.

Matthew 14:30
എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.

Matthew 14:31
യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.

Matthew 14:32
അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.

Matthew 14:33
പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

Matthew 14:34
അവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.

Matthew 14:35
അവിടത്തെ ജനങ്ങൾ അവൻ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.

Malayalam Bible