Genesis 41:25-52 in Malayalam
Genesis 41:25
അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞതു: ഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.
Genesis 41:26
ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.
Genesis 41:27
അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.
Genesis 41:28
ദൈവം ചെയ്‍വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു.
Genesis 41:29
മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.
Genesis 41:30
അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും.
Genesis 41:31
പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
Genesis 41:32
ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
Genesis 41:33
ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.
Genesis 41:34
അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
Genesis 41:35
ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം.
Genesis 41:36
ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല.
Genesis 41:37
ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു.
Genesis 41:38
ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
Genesis 41:39
പിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.
Genesis 41:40
നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.
Genesis 41:41
ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു.
Genesis 41:42
ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു.
Genesis 41:43
തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
Genesis 41:44
പിന്നെ ഫറവോൻ യോസേഫിനോടു: ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.
Genesis 41:45
ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
Genesis 41:46
യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തിൽ നിന്നു പറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു.
Genesis 41:47
എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
Genesis 41:48
മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.
Genesis 41:49
അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു.
Genesis 41:50
ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു.
Genesis 41:51
എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.
Genesis 41:52
സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.
Malayalam Bible